കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ പെട്ടെന്നുള്ള രോഗവ്യാപനം രാജ്യത്തുണ്ടാകും: മുന്നറിയിപ്പ് നൽകി എയിംസ് മേധാവി മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ K417N വകഭേദം കൂടുതൽ അപകടകാരിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി

0 21

ന്യൂഡൽഹി: കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ പെട്ടെന്നുള്ള രോഗവ്യാപനം ഇന്ത്യയിലുണ്ടാകുമെന്ന് ഡൽഹി എയിംസ് മേധാവി രൺദീപ് ഗുലേറിയ. മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ K417N വകഭേദം കൂടുതൽ അപകടകാരിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഡെൽറ്റ വകഭേദം അതിവേഗത്തിൽ വ്യാപിച്ച ബ്രട്ടണിലെ സാഹചര്യത്തിൽ നിന്ന് ഇന്ത്യ പാഠങ്ങൾ ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു
കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിന് കാരണമായ ഡെൽറ്റ വകഭേദത്തിന്റെ അതേ ശ്രേണിയിലുള്ളതാണ് ഡെൽറ്റ പ്ലസ്. ഇതിൽ നിന്ന് ചെറിയ മാറ്റം മാത്രമുള്ള പുതിയ വകഭേദത്തെയാണ് ഇപ്പോൾ കണ്ടെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയതോടെ കോവിഡ് കേസുകൾ ഉയരാതിരിക്കാൻ കൃത്യമായ നിരീക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറസിനെ നിസാരമായി കാണാൻ കഴിയില്ല. അതിജീവനത്തിനായി കൂടുതൽ പേരിലേക്ക് വ്യാപിച്ച് വൈറസ് നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ വകഭേദം വൈറസിന്റെ സ്വഭാവത്തെ മാറ്റിയേക്കാം. ഇത് തുടർച്ചയായി നിരീക്ഷിക്കേണ്ടതുണ്ട്. നിലവിൽ പുതിയ വകഭേദത്തിൽ ആശങ്കപ്പെടാനില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാൽ കേസുകൾ വർധിച്ചാൽ ആശങ്കാജനകമായ സാഹചര്യമുണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.