ആള്‍ക്കൂട്ട ആക്രമണത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ യുവാവിന്റെ പെണ്‍സുഹൃത്തും വിഷം കഴിച്ചു : അതീവ ഗുരുതരാവസ്ഥയില്‍

0 8

കോഴിക്കോട് : ആള്‍ക്കൂട്ട ആക്രമണത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ യുവാവിന്റെ പെണ്‍സുഹൃത്തും വിഷം കഴിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

ആള്‍ക്കൂട്ട ആക്രമണത്തില്‍ മനംനൊന്ത് വിഷം കഴിച്ച പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഹൈദരലിയുടെ മകന്‍ ഷാഹിര്‍ (22) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന ഷാഹിറിനെ, പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് മര്‍ദിച്ചത്. മലപ്പുത്തായിരുന്നു സംഭവം

ഞായറാഴ്ച രാത്രി ബൈക്കില്‍ പോകുമ്പോഴായിരുന്നു ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വിവരം അറിഞ്ഞെത്തിയ അമ്മ ഷൈലജയെയും അനുജന്‍ ഷിബിലിനെയും അവര്‍ മര്‍ദ്ദിച്ചു. രാത്രി ഒന്‍പതുമുതല്‍ പന്ത്രണ്ടുമണിവരെ മര്‍ദിച്ചതായാണ് പരാതി. മൊബൈല്‍ഫോണും കൈക്കലാക്കി.

മര്‍ദനത്തില്‍ മനംനൊന്ത ഷാഹിര്‍ വീട്ടില്‍ എത്തിയ ഉടനെ വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഷാഹിര്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ചികിത്സയില്‍ കഴിയുന്ന ഷിബിലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരേ കോട്ടയ്ക്കല്‍ പൊലീസ് കേസെടുത്തു.

Leave A Reply

Your email address will not be published.