ജയ്സാൽമർ: സ്വർണ്ണകോട്ടയുടെ നാട്ടിൽ.

0 4

രാജസ്ഥാനിലെ ജയ്സാൽമർ ഏറെ നാളായി കാണണമെന്നാഗ്രഹിച്ച സ്ഥലമായിരുന്നു. കൊച്ചിയിൽ നിന്ന് ജയ്പൂരിലേയ്ക്കും, അവിടുന്ന് അടുത്ത ദിവസത്തെ വിമാനത്തിൽ ജയ്സാൽമറിലേയ്ക്ക്. ജയ്സാൽമർ എയർപോർട്ട് ഒരു മിലിട്ടറി എയർബേയ്സാണ്. ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുണ്ട്, അധിക നേരം തങ്ങാൻ പാടില്ല തുടങ്ങിയ നിർദ്ദേശങ്ങൾ വിമാനത്തിൽ നിന്നു തന്നെ ലഭിച്ചിരുന്നു.

ഥാർ മരുഭൂമിയിലൂടെ ഏകദേശം ഒരു മണിക്കൂർ ദൂരമുണ്ട് നഗരത്തിലേയ്ക്ക്. രാജസ്ഥാനിൽ ധാരാളം ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോസ്റ്റലുകൾ ലഭ്യമാണ്. സോളോ യാത്രകൾക്ക് ഇത്തരം സൗകര്യം ഉപകാരപ്രദമാണ്. ചരിത്ര പുസ്തകത്തിലും, ചിത്രങ്ങളിലും കണ്ടിട്ടുള്ള ജയ്സാൽമർ കോട്ട തൊട്ടു മുന്നിൽ. ഒന്നു ഫ്രഷ് ആയി ഗോൾഡൻ ഫോർട്ട് അഥവാ സോനാർ ഖില കാണാനായി നടന്നു.

ഥാർ മരുഭൂമിയുടെ ഹൃദയ ഭാഗത്ത് നഗരമദ്ധ്യത്തിലായി ത്രികര കുന്നിന് മുകളിലാണ് നിരവധി യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച സോനാർഖില അഥവ ഗോൾഡൻ ഫോർട്ട് നിലകൊള്ളുന്നത്. 1156-ൽ രജപുത്ര രാജാവായ ജയ്സാൽ സിംഗ് രജപുത്ര മുഗൾ വാസ്തു ശില്പ രീതിയിൽ ജയ്സാൽമറിലെ പ്രത്യേക മഞ്ഞ മണൽക്കല്ലുകളാൽ നിർമ്മിച്ച കോട്ടയാണിത്. ആൾ താമസമുള്ള രാജ്യത്തെ ഏക കോട്ടയും.

ലൈസൻസുള്ള ധാരാളം ഗൈഡുകളെ കോട്ടയ്ക്കുള്ളിൽ കാണാം. ഒരു ഗൈഡിന്റെ സഹായമുണ്ടെങ്കിൽ പ്രാദേശിക കഥകളും, ചരിത്രവും വ്യക്തമായി മനസ്സിലാക്കാൻ കഴിയും. സാധാരണ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ ഒരു ഗൈഡിന്റെ സേവനം നല്ലതാണ്. ഗൈഡ് എന്നെ രാജാവിന്റെ കൊട്ടാരത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. കോട്ടയ്ക്കകത്ത് നല്ല തിരക്കാണ്. പ്രത്യേകിച്ച് ആൾ താമസമുള്ള കോട്ടയായതിനാൽ താമസിയ്ക്കുന്നവരും, സഞ്ചാരികളുമെല്ലാമായി നല്ല ബഹളം തന്നെ. ഗൈഡിന് കോട്ടയുടെ മുക്കും, മൂലയും വരെ കാണാപ്പാടമാണ്. ഓരോസ്ഥലവും വിവരിച്ചു കൊണ്ട് ഗൈഡ് മുന്നിൽ നടന്നു. ചരിത്ര സംഭവങ്ങളുടെ ഒരു കലവറയാണ് കോട്ട. ഇപ്പോഴും പഴയ പ്രൗഢി അതേപോലെ സൂക്ഷിച്ചിരിക്കുന്ന ഹവേലികൾ തൊട്ടടുത്ത് . അവിടെയുള്ള ഫോട്ടോ സ്‌പോട്ടുകളിൽ തലപ്പാവ്, രാജകീയ വസ്ത്രം, ആയുധങ്ങൾ ഇവ ധരിച്ച് രജപുത്ര സ്റ്റൈലിൽ എന്നെ ഇരുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യിക്കാനും ഗൈഡ് മറന്നില്ല. വാങ്ങുന്ന പ്രതിഫലത്തിന് ആത്മാർത്ഥമായി പണിയെടുക്കുന്ന വിശ്വസ്തരാണ്, മിക്ക ഗൈഡുകളും.പുറത്തിറങ്ങുമ്പോൾ സന്ധ്യ മയങ്ങിയിരുന്നു. കോട്ടയ്ക്ക് മുകളിൽ നിന്ന് താഴേ പ്രകാശത്തിൽ കുളിച്ചു നില്കുന്ന നഗരിയുടെ ആകാശക്കാഴ്ച ഹൃദ്യമാണ്, സ്വർണ്ണക്കോട്ട ദീപാലംകൃതമായ കാഴ്ച അതിലേറെ ഹൃദ്യവും.

Leave A Reply

Your email address will not be published.