ഫുട്‌ബോളിൽ വിറയ്‌ക്കുമോ ഇന്ത്യ.

0 5

ദുഷൻബെ ആത്മവിശ്വാസത്തിലാണ്‌ ഇഗർ സ്‌റ്റിമച്ച്‌. വെല്ലുവിളികൾ ഏറ്റെടുക്കാൻ ടീം തയ്യാറെന്ന്‌ ഇന്ത്യൻ പരിശീലകൻ പ്രഖ്യാപിച്ചു. ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യതാ പോരിൽ  തീർത്തും പരിചിതമല്ലാത്ത സാഹചര്യത്തിലാണ്‌ ഇന്ത്യ ഇന്ന്‌ അഫ്‌ഗാനിസ്ഥാനെ നേരിടുന്നത്‌. താജിക്കിസ്ഥാനിലെ ദുഷൻബെയിലെ റിപ്പബ്ലിക്കൻ സെൻട്രൽ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ മത്സരം. കൊടുംതണുപ്പും കളി അരങ്ങേറുന്ന കൃത്രിമ ടർഫും ഇന്ത്യയെ വിഷമിപ്പിക്കും.

നാട്ടിലെ സംഘർഷങ്ങൾ കണക്കിലെടുത്താണ്‌ അഫ്‌ഗാൻ തട്ടകമായി താജിക്കിസ്ഥാനിലെ ദുഷൻബെ തെരഞ്ഞെടുത്തത്‌. ദുബായിൽ പരിശീലനം നടത്തിയശേഷം ഇന്നലെയാണ്‌ ഇന്ത്യൻ ടീം മത്സരവേദിയിലെത്തിയത്‌. ഗ്രൂപ്പ്‌ ഇയിൽ രണ്ട്‌ പോയിന്റുമായി നാലാമതുള്ള ഇന്ത്യക്ക്‌ അഫ്‌ഗാനെതിരെ ജയം അനിവാര്യമാണ്‌. ആദ്യ കളിയിൽ ഒമാനോട്‌ തോറ്റപ്പോൾ പിന്നീട്‌ ഖത്തറിനോടും ബംഗ്ലാദേശിനോടും സമനില വഴങ്ങി. 19ന്‌ മസ്‌കറ്റിൽ ഒമാനുമായാണ്‌ അടുത്ത കളി. ഇന്ത്യയെക്കാൾ മുന്നിലാണ്‌ ഗ്രൂപ്പിൽ അഫ്‌ഗാൻ. മൂന്നാംസ്ഥാനത്താണ്‌. ഒരു ജയവും രണ്ടു തോൽവിയും. നിലവിൽ 149–-ാം റാങ്കുകാരാണ്‌ അവർ. ഇന്ത്യയാകട്ടെ 106–ാം സ്ഥാനത്തും. സാഹചര്യങ്ങളോട്‌ പൊരുത്തപ്പെട്ടാൽ ജയവുമായി മടങ്ങാം സുനിൽ ഛേത്രിക്കും കൂട്ടർക്കും.

ഐഎസ്‌എലിന്‌ ഇടവേള നൽകിയാണ്‌ ഇന്ത്യ എത്തുന്നത്‌. പ്രതിരോധത്തിൽ പരിക്കേറ്റ സന്ദേശ്‌ ജിങ്കനില്ലാത്തത്‌ ക്ഷീണം ചെയ്യും. ഉമ്മ മരിച്ചതിനെ തുടർന്ന്‌ മലയാളിതാരം അനസ്‌ എടത്തൊടിക നാട്ടിലേക്ക്‌ മടങ്ങിയതും തിരിച്ചടിയായി. അഫ്‌ഗാനെതിരെ കളിച്ച എട്ടിൽ ആറിലും ഇന്ത്യ ജയിച്ചിട്ടുണ്ട്‌. ഒരു തോൽവിയും ഒരു സമനിലയുമായിരുന്നു.

Leave A Reply

Your email address will not be published.