ഒമാന്‍ വെള്ളപൊക്കം: മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു; കമ്പനികള്‍ക്കെതിരെ നിയമ നടപടി.

0 8

ഒമാനില്‍ ഭൂഗര്‍ഭ പൈപ്പ്‌ലൈന്‍ പദ്ധതി നിര്‍മ്മാണത്തിനിടെ വെള്ളം കയറി മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശി ഷണ്‍മുഖ സുന്ദരം സെന്തില്‍കുമാര്‍, ആന്ധ്ര സ്വദേശികളായ സത്യ നാരായാണ രാജു, ഭീമ രാജു, ബീഹാര്‍ സ്വദേശികളായ സുനില്‍ ഭാരതി, വിശ്വകര്‍മ്മ മഞ്ജി, വികാസ് ചൗഹാന്‍ മുകദേവ് എന്നിവരാണ് മരിച്ചത്. രണ്ടു കരാര്‍ കമ്പനികള്‍ക്കു കീഴിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്.

സംഭവത്തില്‍ ഈ രണ്ടു കമ്പനികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. മഴയത്ത് സുരക്ഷയില്ലാതെ തൊഴിലാളികളെ ജോലി ചെയ്യിച്ചു എന്ന പരാതി വ്യാപകമായിരുന്നു. വെള്ളവും ചെളിയും ടണലിലേക്ക് ഇരച്ചെത്തിയാണ് അപകടം. അപകടത്തില്‍ കുറ്റകരമായ അനാസ്ഥ കരാര്‍ കമ്പനികളുടെ ഭാഗത്തു നിന്ന് ഉണ്ടായതായ ആരോപണം സോഷ്യല്‍ മീഡിയായില്‍ ശക്തമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ വര്‍ക്കേഴ്‌സ് രംഗത്തു വന്നിരുന്നു. ഇവര്‍ക്കുള്ള അര്‍ഹമായ ആനുകൂല്യം ലഭിമാക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അറിയിച്ചു.

മസ്‌കത്ത് സീബില്‍ എയര്‍പോര്‍ട്ട് ഹൈറ്റ്‌സ് ഭാഗത്ത് ജല വിതരണ പദ്ധതിയുടെ വിപുലീകരണ ജോലികള്‍ക്കിടെയാണ് അപകടം. പൈപ്പിടാനായി 295 മീറ്റര്‍ നീളത്തില്‍ 14 മീറ്റര്‍ താഴ്ചയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ഭൂഗര്‍ഭ തുരങ്കത്തില്‍ പൈപ്പിടുന്നതിനിടെയാണ് അപകടം.

ഞായറാഴ്ച വൈകീട്ട് കനത്ത മഴയില്‍ തുരങ്കം വെള്ളവും ചളിയും മൂടുകയായിരുന്നു. വളരെ ശ്രമകരമായ പ്രവര്‍ത്തനത്തിനൊടുവില്‍ 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. വലിയ പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

Leave A Reply

Your email address will not be published.