ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ ഡിഫ്തീരിയ പടർന്നുപിടിക്കുന്നു: ജാഗ്രത!

0 11

കൊച്ചി: ‘തൊണ്ടമുള്ള്’ എന്നറിയപ്പെടുന്ന ഡിഫ്തീരിയ രോഗം വർഷങ്ങൾക്കു മുമ്പ് സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കിയെന്ന് ആരോഗ്യ വകുപ്പ് അവകാശ വാദം ഉന്നയിക്കുമ്പാഴും ഇതരസംസ്ഥാന ക്യാമ്പുകളിൽ വീണ്ടും രോഗം തലപൊക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു പേർക്കാണ് ജില്ലയിൽ ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചത്. പിറവം ടൗണിൽ മറുനാടൻ സംസ്ഥാന തൊഴിലാളിക്ക് ഡിഫ്തീരിയ കണ്ടെത്തി. അസമിൽ നിന്നുള്ള റിയാദുളിനാണ് (17) ഡിഫ്തീരിയ കണ്ടെത്തിയത്.

അവശനിലയിൽ പിറവം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാദുളിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിൽ പെരുമ്പാവൂർ വാഴക്കുളത്ത് ബംഗാൾ സ്വദേശികളായ ദമ്പതികളുടെ 12 വയസുള്ള മകനും രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടിക്ക് രോഗപ്രതരോധ കുത്തിവയ്പ്പുകളൊന്നും ലഭിച്ചിരുന്നില്ല. തൊണ്ടവേദനയും പനിയുമായി ആരംഭിക്കുന്ന രോഗം യഥാസമയം കണ്ടെത്തി ചികിത്സിക്കാനായില്ലെങ്കിൽ രോഗം മൂർച്ഛിച്ച്, ശ്വാസ തടസം നേരിട്ട് രോഗി മരിക്കാനിടയാകുമെന്നതാണ് ഡിഫ്തീരിയയെ ഭയാനകമാക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളിക്ക്, പുറത്തുനിന്ന് ഇതിന്റെ രോഗാണുബാധ ഉണ്ടായതായിരിക്കാമെന്നാണ് നിഗമനം.

ഡിഫ്തീരിയ– തൊണ്ടമുള്ള് എന്ന പേരിലറിയപ്പെടുന്ന രോഗം വ്യാപന സാധ്യതയുള്ളതാണ്. എന്നാൽ തുടർച്ചയായ പ്രതിരോധ പ്രവർത്തനത്തിലൂടെ നിയന്ത്രിക്കാൻ കഴിയും. പനിയും തൊണ്ട വേദനയുമാണ് തുടക്കത്തിലുളള ലക്ഷണങ്ങൾ. മൂക്കൊലിപ്പ്, വെള്ളം കുടിക്കാനുള്ള പ്രയാസം എന്നിവയുമുണ്ടാകും. പ്രതിരോധ കുത്തിവയ്പ് യഥാസമയം എടുക്കാത്തവർ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിലാണ് രോഗസാധ്യത കൂടുതൽ.

Leave A Reply

Your email address will not be published.