സുനിലിന്റെ വാക്കറിന്‌ കുറേ കണ്ണീരിന്റെ വിലയുണ്ട്‌.

0 9

ഇടതുകാലിന് സ്വാധീനമില്ലാത്ത ചളിക്കവട്ടം പേരേന്തുണ്ടി സുനിൽ ഓട്ടോയിൽ കയറുന്നതും  ഇറങ്ങുന്നതും വാക്കറിന്റെ സഹായത്തോടെയാണ്. ഓട്ടോ ഓടിക്കുമ്പോൾ ഒരു കൂടപ്പിറപ്പിനെപ്പോലെ അത്‌ അരികിലുമുണ്ടാകും. നിരങ്ങിനീന്തിയും പിന്നീട്‌ കാൽമുട്ടിൽ ഇടതുകൈ ഊന്നിയും സഞ്ചരിച്ചിരുന്ന സുനിലിനെ കുടുംബം പോറ്റാൻ കഴിയുന്ന നിലയിലാക്കിയത്‌ കഠിനാധ്വാനവും അമ്മയൊഴുക്കിയ കണ്ണീരുമാണ്‌. ചളിക്കവട്ടം ലിങ്ക് ഇന്ത്യ റോഡിനു സമീപം പേരേന്തുണ്ടി  ആന്റണി–-മേഴ്സി ദമ്പതികളുടെ മകനായ സുനിൽ 10 വയസ്സുവരെ നിരങ്ങിനീന്തിയാണ് കഴിഞ്ഞത്‌. ഏഴാം ക്ലാസുവരെ എടുത്ത്‌ സ്കൂളിൽ കൊണ്ടുവിടുമായിരുന്നു അമ്മ മേഴ്സി.

സുനിലിന് ഏഴു വയസ്സുള്ളപ്പോഴാണ് അച്ഛൻ  ആന്റണിയുടെ ആകസ്മിക വിയോഗം. തുടർന്ന് കുടുംബഭാരം മേഴ്‌സിക്ക് ഏൽക്കേണ്ടിവന്നു. സുനിലിന്റ വിദ്യാഭ്യാസവും മുടങ്ങി.  ആടുവളർത്തിയും പരിസരത്തെ വീടുകളിൽ വീട്ടുപണി ചെയ്തും മേഴ്സി മൂന്നു മക്കളെയും പോറ്റി.   മകന്റെ ദയനീയാവസ്ഥ സഹിക്കവയ്യാതെ മേഴ്സി ചക്കരപ്പറമ്പിലെ കളരി ഉസ്താദിന്റടുത്ത് തിരുമ്മ്‌ ചികിത്സയ്‌ക്ക്‌ കൊണ്ടുപോയി. മൂന്നുമാസത്തെ ചികിത്സ  കഴിഞ്ഞപ്പോൾ ഏന്തിനടക്കാൻ തുടങ്ങി. പിന്നീട് വടി കുത്തിപ്പിടിച്ച് നടക്കാൻ ശീലിച്ചു. കുറേ മാസങ്ങൾക്കുശേഷം വടി ഉപേക്ഷിച്ച്‌ ഇടതുകാൽമുട്ടിൽ ഇടതുകൈ ഊന്നിയായി നടപ്പ്‌. ശരീരഭാരം വർധിച്ചപ്പോൾ  വാക്കറിന്റെ സഹായംതേടി.

ഇതിനിടെ കലാഭവനിൽ തബല പരിശീലിച്ചിരുന്നു.   പിന്നിട് പഠനം ഉപേക്ഷിച്ച് ജോലിക്ക്‌ ശ്രമിച്ചു.  തൊട്ടടുത്തുള്ള ഡ്രൈവിങ്‌ സ്കൂളിൽ ഓട്ടോറിക്ഷ ഡ്രൈവിങ്‌ പഠിക്കാൻ ചേർന്നു. ടെസ്റ്റ് പാസായിട്ടും   ലൈസൻസ് നൽകാൻ  വെഹിക്കൾ ഇൻസ്പെക്ടർ വിസമ്മതിച്ചു. ഇടതുകാലിന് സ്വാധീനമില്ലാത്തതായിരുന്നു കാരണം. ‘ലോട്ടറി വിറ്റ് ജീവിക്കുന്നതാ നല്ലത് ’ എന്ന ഉപദേശവും.  മറുപടി കേട്ട്   സുനിൽ വാവിട്ടുകരഞ്ഞു. മനസ്സലിവുതോന്നിയ ഇൻസ്പെക്ടർ, വലതുകാലിന് ബലക്കുറവില്ലെന്ന  മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു.   അതു ഹാജരാക്കിയശേഷമാണ് ലൈസൻസ്‌ നൽകിയത്‌. 

ഒരു കാലിന് സ്വാധീനമില്ലാത്തതിനാൽ ആരും വാടകയ്‌ക്ക്‌ ഓട്ടോറിക്ഷ കൊടുക്കാൻ തയ്യാറായില്ല. അമ്മ മേഴ്സി കെട്ടുതാലി വിറ്റും ലോണെടുത്തും മകന് ഓട്ടോറിക്ഷ വാങ്ങിനൽകി. ഇതിനുശേഷം ജീവിതത്തിൽ പ്രകാശമായി  ഷീജയും എത്തി. ശാന്തിനഗർ പള്ളിയിൽ എല്ലാ ഞായറാഴ്‌ചയും കുർബാനയ്‌ക്ക്‌ തബല വായിക്കുന്നത്‌ സുനിലാണ്‌. കീബോർഡ്‌ ആർട്ടിസ്‌റ്റ്‌ റാൾഫിന സ്‌റ്റീഫനാണ്‌ സുനിലിന്‌ വാക്കർ വാങ്ങിക്കൊടുത്തത്‌.

അമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുംബത്തെ പോറ്റാൻ ചക്കരപ്പറമ്പ് സ്റ്റാൻഡിൽ സ്വന്തം ഓട്ടോറിക്ഷ ഓടിക്കുകയാണിന്ന്‌ സുനിൽ. സഹപ്രവർത്തകരുടെ പിന്തുണയും വീട്ടുകാരുടെ സ്‌നേഹവും സർക്കാർ നൽകുന്ന വികലാംഗ പെൻഷനും വാക്കറിനു പുറമെ സുനിലിന്‌ താങ്ങായുണ്ട്‌.

Leave A Reply

Your email address will not be published.