പാലക്കാട് അതിർത്തി കടക്കാൻ ശ്രമം നടത്തി ഇതര സംസ്ഥാന തൊഴിലാളികൾ; പിന്നീട് സംഭവിച്ചത്

പാലക്കാട്: പാലക്കാട് അതിർത്തി കടക്കാൻ ശ്രമം നടത്തി ക്യാമ്പിൽ പ്രവേശിപ്പിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ. തൊഴിലാളികളെ പിന്നീട് തിരൂരിലേക്ക് മാറ്റി. പത്ത് പേരാണ് ക്യാമ്പിൽ കഴിഞ്ഞിരുന്നത്. 14 ദിവസത്തെ നിരീക്ഷണം പൂർത്തിയായതോടെ താലൂക്ക് ആശുപത്രി അധികൃതരെത്തി പരിശോധന നടത്തിയ ശേഷമാണ് ഇവരെ തിരൂരിലേക്ക് മാറ്റിയത്.

ഒറ്റപ്പാലം എൻഎസ്എസ് കോളേജിലാണ് ഇവർക്ക് താമസിക്കാൻ ക്യാമ്പ് ഒരുക്കിയിരുന്നത്. നിരീക്ഷണ കാലാവധി കഴിഞ്ഞതോടെ തമിഴ്നാട്ടിലേക്ക് പോകണമെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് ഒറ്റപ്പാലം സബ്കളക്ടർ അർജ്ജുൻ പാണ്ഡ്യൻ നേരിട്ടെത്തുകയും ലോക്ക് ഡൗണായതിനാൽ തമിഴ്‌നാട്ടിലേക്ക് പോകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. 10 വർഷമായി തിരൂരിൽ ഇവർ വാടകക്ക് താമസിക്കുകയാണ്. ഇതേ സ്ഥലത്ത് താമസിക്കാനാണ് നിർദ്ദേശം.

സ്വകാര്യ ബസിലാണ് ഇവരെ തിരൂരിലെത്തിച്ചത്. കഴിഞ്ഞ മാസം 29നാണ് ഇവരെ പച്ചക്കറി വാഹനത്തിൽ ജില്ലകടക്കാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയത്. തുടർന്ന് ഇവരെ ഒറ്റപ്പാലത്തെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.

ലോക്ക് ഡൗൺ പിൻവലിച്ചശേഷം തമിഴ്‌നാട്ടിലേക്ക് പോകാനുള്ള സഹായവും റവന്യുവകുപ്പ് ചെയ്യും. സബ് കളക്ടർക്കൊപ്പം അഡീഷണൽ തഹസിൽദാർ എ നിസ, ഒറ്റപ്പാലം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ മനോജ് സ്റ്റീഫൻ എന്നിവർ ചേർന്നാണ് ഇവരെ തിരൂരിലേക്ക് മാറ്റിയത്. തിരൂരിൽ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ കെട്ടിട ഉടമയോടും തിരൂർ നഗരസഭയോടും റവന്യു അധികൃതരോടും സബ് കളക്ടർ നിർദേശിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy