രണ്ടാം ഘട്ട ലോക്ഡൗണില്‍ ചെറുകിട വ്യവസായ മേഖലയ്ക്ക് ആശ്വാസത്തിനുള്ള നടപടികള്‍ … സാധാരണക്കാര്‍ക്ക് ആശ്വാസം, ഗുണകരം

ന്യൂഡല്‍ഹി : രാജ്യത്തെ രണ്ടാം ഘട്ട ലോക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ ചില മേഖലകള്‍ക്ക് ഇളവുകള്‍ നല്‍കിയത് സാധാരണക്കാര്‍ക്കും താഴെത്തട്ടിലുള്ളവര്‍ക്കും ഏറെ ആശ്വാസവും
ഗുണകരവുമാണ്. വ്യവസായ മേഖലയ്ക്ക് ആശ്വാസത്തിനുള്ള നടപടികളാണ് ഇത്തവണ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യഘട്ട ലോക്ഡൗണ്‍ ഏറെ ബാധിച്ചത് ചെറുകിട വ്യവസായ സംരംഭകരെയും സ്വയംതൊഴില്‍ ചെയ്യുന്നവരെയും വന്‍വ്യവസായങ്ങളുടെ അനുബന്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നരെയുമൊക്കെയാണ്. തുടര്‍ച്ചയായ അടച്ചിടല്‍ വന്‍കിട വ്യവസായ യൂണിറ്റുകളെയും ബാധിച്ചുതുടങ്ങിയതോടെ സാമ്പത്തിക മേഖല തകരുമെന്ന ഭീതിയുമുയര്‍ന്നിരുന്നു.

കോവിഡ് വ്യാപനത്തിനെതിരെ തുടര്‍നടപടികള്‍ അനിവാര്യമായതിനാല്‍ സര്‍ക്കാരിനു ലോക്ഡൗണ്‍ നീട്ടാതെ മാര്‍ഗമില്ല എന്ന സ്ഥിതിയിലാണ് ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്വയംതൊഴില്‍ വഴി ഉപജീവനം നടത്തിയിരുന്നവര്‍ക്കും ഈ ഇളവുകള്‍ ആശ്വാസമാകുന്നു. ഗ്രാമീണ മേഖലയിലെ സംരംഭങ്ങള്‍ക്കും നിര്‍മാണ പദ്ധതികള്‍ക്കും ഇളവനുവദിച്ചത് സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ഒരുപാടു പേര്‍ക്ക് ഗുണകരമാകും

കാര്‍ഷിക, തോട്ടം മേഖലകളിലെ ഇളവുകള്‍ കര്‍ഷകര്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വ്യവസായികള്‍ക്കും അനുഗ്രഹമാകും. ചന്തകള്‍ തുറക്കാന്‍ അനുവദിക്കും. തേയില, റബര്‍, കാപ്പിത്തോട്ടങ്ങള്‍ എന്നിവയും ഇവയുടെ സംഭരണ, സംസ്‌കരണ കേന്ദ്രങ്ങളും തുറക്കാം. ചരക്കുഗതാഗതത്തിന് അനുമതിയുള്ളത് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയ്ക്കു സഹായിക്കും. വിളവെടുക്കാനാകാതെയും വിളകള്‍ വിറ്റഴിക്കാനാകാതെയും പ്രതിസന്ധിയിലായ കര്‍ഷര്‍ക്ക് ഇത് ആശ്വാസമാകും.

കൊയ്ത്ത്, മെതിയന്ത്രങ്ങളുടെ സംസ്ഥാനന്തര യാത്ര അനുവദിക്കുന്നത് നെല്‍കര്‍ഷകര്‍ക്ക് അടക്കം ആശ്വാസമാകും. മത്സ്യകൃഷിക്കു നിയന്ത്രണങ്ങളില്ല. കോഴി, മത്സ്യ, ക്ഷീര കര്‍ഷകര്‍ക്കും ജീവനക്കാര്‍ക്കും യാത്രാനുമതിയുണ്ട്. അത് ഇറച്ചി, മല്‍സ്യ, ക്ഷീര വിപണികള്‍ക്ക് ആശ്വാസമാകും. പാലും പാലുല്‍പന്നങ്ങളും സംഭരിക്കാനും വില്‍പന നടത്താനും കഴിയും. കോള്‍ഡ് സ്റ്റോറേജുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും അനുമതി നല്‍കിയത് കാര്‍ഷിക, ഭക്ഷ്യ ഉല്പന്ന സംഭരണത്തിനു താങ്ങാകും.

ഗ്രാമീണമേഖലകളില്‍ വ്യാവസായിക നിര്‍മാണങ്ങള്‍ക്കും റോഡ്, ജലസേചനപദ്ധതികള്‍ ഇവയുടെ നിര്‍മാണങ്ങള്‍ക്കും ഇളവനുവദിച്ചത് നിര്‍മാണത്തൊഴിലാളികള്‍ക്കു സഹായകമാകും. ചരക്കുനീക്കം അനുവദിക്കുന്നതും ചന്തകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയതും ലോറി, ട്രക്ക് തൊഴിലാളികള്‍ക്കും കയറ്റിറക്കുതൊഴിലാളികള്‍ക്കുമടക്കം ഗുണകരമാണ്.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy