നടിയെ ആക്രമിച്ച കേസ്‌ ; ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് അപേക്ഷ നൽകി

0 14

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപ് ചൊവ്വാഴ്‌ച വിചാരണക്കോടതിയിൽ അപേക്ഷ നൽകി. കേരളത്തിനു പുറത്തുള്ള വിദഗ്ധനെക്കൊണ്ട് പരിശോധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന്‌ രണ്ടാ‍ഴ്‌ച സമയം നൽകണമെന്നും ദിലീപിന്റെ അഭിഭാഷകൻ അഡീഷണൽ സെഷൻസ്‌ കോടതിയെ അറിയിച്ചു.  കേസ്‌ പരിഗണിക്കുന്ന 11ന്‌ ഇക്കാര്യം അറിയിക്കണമെന്ന്‌ കോടതി നിർദേശിച്ചു. ദൃശ്യങ്ങൾ പരിശോധിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു.

അതേസമയം, തെളിവുകളുമായി ബന്ധപ്പെട്ട കൂടുതൽ ഡിജിറ്റൽ രേഖകൾ നൽകണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. നിരീക്ഷണക്യാമറാ ദൃശ്യങ്ങൾ, മൊബൈൽഫോൺ ദൃശ്യങ്ങൾ എന്നിവ ഉൾപ്പെടെ 32 ഡിജിറ്റൽ രേഖകളാണ് ദിലീപ് ആവശ്യപ്പെട്ടത്.   എട്ടാംപ്രതിയായ ദിലീപ്‌ കോടതിയിൽ ഹാജരായില്ല. സിനിമ ചിത്രീകരണത്തിന്റെ തിരക്ക് ചൂണ്ടിക്കാട്ടി ദിലീപ് കോടതിയിൽ അവധി അപേക്ഷ നൽകിയിരുന്നു. ജാമ്യം റദ്ദാക്കപ്പെട്ട ഒമ്പതാംപ്രതി സനൽകുമാറും ചൊവ്വാഴ്‌ച ഹാജരായില്ല. ജാമ്യക്കാരെ വിളിച്ചുവരുത്തിയ കോടതി 11ന് സനൽകുമാറിനെ കൊണ്ടുവരാൻ കർശന നിർദേശം നൽകി. അല്ലാത്തപക്ഷം 80,000 രൂപവീതം രണ്ട്‌ ജാമ്യക്കാരും പി‍ഴയടക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി.

ഇതിനിടെ കേസിലെ പ്രതികളായ മാർട്ടിൻ, പ്രദീപ്, വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയാനായി പതിനൊന്നിലേക്ക് മാറ്റി. തന്റെ കുറ്റസമ്മത മൊ‍ഴിയുടെ വീഡിയോ ദൃശ്യത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ഒന്നാംപ്രതി പൾസർ സുനിയുടെ ഹർജിയും ജഡ്‌ജി ഹണി എം വർഗീസ്‌ പതിനൊന്നിലേക്ക്‌ മാറ്റി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ സുരേശൻ ഹാജരായി.

Leave A Reply

Your email address will not be published.