എല്ലാ സ്‌കൂളും ഹൈടെക്കായി; പ്രഖ്യാപനം ജനുവരിയില്‍

0 14

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്കൂൾ–ഹൈടെക് ലാബ് പദ്ധതികൾ പൂർത്തീകരണത്തിലേക്ക്. 4,752 സ്കൂളിലെ 45,000 ക്ലാസ്‍മുറി പൂർണമായും ഹൈടെക്കായി. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്കൂളിൽ ഹൈടെക് ലാബും സജ്ജമാക്കി. 562കോടിരൂപ കിഫ്ബി ഫണ്ടാണ്‌ പദ്ധതികൾക്ക് ചെലവഴിച്ചത്. ജനുവരിയിൽ സംസ്ഥാനതല ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം നടത്തുമെന്ന്‌ പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

സ്കൂൾ, തദ്ദേശഭരണ സ്ഥാപനം, നിയോജകമണ്ഡലം അടിസ്ഥാനത്തിൽ ഹൈടെക് പൂർത്തീകരണപ്രഖ്യാപനം നടത്തും. ഒന്നുമുതൽ ഹയർസെക്കൻഡറി വരെയുള്ള സർക്കാർ -എയ്‌ഡഡ് സ്കൂളുകളിൽ 1,16259 ലാപ്‌ടോപ്‌, 97,655 യുഎസ്ബി സ്പീക്കർ, 67,194 പ്രൊജക്ടർ, 41,811 മൗണ്ടിങ്‌ കിറ്റ്‌, 23,098 സ്ക്രീൻ എന്നിവ ലഭ്യമാക്കി. 4,545 എൽഇഡി ടെലിവിഷൻ, 4,611 മൾട്ടിഫങ്‌ഷൻ പ്രിന്റർ, 4,578 ഡിഎസ്എൽആർ ക്യാമറ, 4,720 എച്ച്ഡി വെബ്ക്യാം എന്നിവയും വിന്യസിച്ചു.

ഏറ്റവും കൂടുതൽ ഉപകരണം ലഭ്യമാക്കിയ ജില്ലകൾ മലപ്പുറവും (17,959 ലാപ്‌ടോപ്‌, 9,571 പ്രൊജക്ടർ) കോഴിക്കോടുമാണ്‌ (12,114 ലാപ്‌ടോപ്‌, 6,940 പ്രൊജക്ടർ). കോഴിക്കോട് ഫറൂഖ്‌ ജിജിവിഎച്ച്എസ്എസാണ്‌ ഏറ്റവും കൂടുതൽ ഉപകരണങ്ങൾ ലഭിച്ച സർക്കാർ സ്കൂൾ  (98 ലാപ്‌ടോപ്‌, 62 പ്രൊജക്ടർ). എയ്‌ഡഡ് സ്കൂൾ മലപ്പുറം എടരിക്കോട്‌ പികെഎംഎംഎച്ച്എസ്എസ് (143 ലാപ്‌ടോപ്‌, 123 പ്രൊജക്ടർ). ഹൈടെക് ഉപകരണങ്ങൾ ലഭ്യമാക്കിയ സ്കൂളുകളുടെ വിശദാംശങ്ങൾ ‘സമേതം’ പോർട്ടലിൽ (www.sametham.kite.kerala.gov.in) ലഭിക്കും.

ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കാൻ ‘സമഗ്ര’ പോർട്ടൽ സജ്ജമാക്കി. അധ്യാപകർക്ക്‌ പരിശീലനം നൽകി. 2060 സ്കൂളിൽ ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റ്‌ സ്ഥാപിച്ചു. പരാതിപരിഹാരത്തിന് പ്രത്യേക കോൾ സെന്ററും വെബ് പോർട്ടലും കൈറ്റ് ഏർപ്പെടുത്തിയതായി സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു.

Leave A Reply

Your email address will not be published.