വിസ്‌മയക്കാഴ്‌ച ഒരുക്കി കയര്‍ ഇന്‍സ്‌റ്റലേഷനുക

0 19

ആലപ്പുഴ കലയും കയറും സംഗമിച്ചപ്പോൾ സുവർണനാരിന്റെ വൈവിധ്യത്തിലേക്കും ചരിത്രത്തിലേക്കുമുള്ള വിസ്‌മയകാഴ്‌ചകളായി. കയർ കേരള 2019ന്റെ ഭാഗമായി നഗരത്തിന്റെ വിവിധയിടങ്ങളിൽ സ്ഥാപിച്ച ഇന്‍സ്‌റ്റലേഷനുകള്‍ കാണാൻ ആയിരങ്ങളാണ്‌ എത്തുന്നത്‌. തൊണ്ട്, ചകിരി, ചിരട്ട, ഓല, ചകിരിച്ചോറ്, കൊതുമ്പ്, കയർ, തടുക്ക്, കയർപായ, തെങ്ങിൻതടി തുടങ്ങിയവ ഉപയോഗിച്ച് കേരളത്തിലാദ്യമായാണ് ഇത്തരത്തിൽ ഇൻസ്‌റ്റലേഷൻ പ്രോഗ്രാം.  ആലപ്പുഴ ബീച്ച്, കെഎസ്ആർടിസി, -പ്രൈവറ്റ് ബസ് സ്‌റ്റാൻഡുകൾ, ശവക്കോട്ടപ്പാലം, ഇ എം എസ് സ്‌റ്റേഡിയം, കൊമ്മാടി എന്നിവിടങ്ങളിലായാണ് 15 ഇൻസ്‌റ്റലേഷനുകൾ ഒരുക്കിയിരിക്കുന്നത്. ബീച്ച് സൈഡിൽ ഏഴണ്ണവും ഇ എം എസ് സ്‌റ്റേഡിയത്തിൽ മൂന്നെണ്ണവും ബാക്കിയിടങ്ങളിൽ ഓരോ ശിൽപ്പങ്ങളും ഒരുക്കിയിട്ടുണ്ട്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്‌റ്റി ബോണി തോമസാണ് കലാവിന്യാസം നിർവഹിച്ചത്‌.  സ്ഥലങ്ങളെ പൂർണമായി ഉപയോഗിച്ചുകൊണ്ടുളള നിർമാണരീതിയാണ്‌ ഉപയോഗിച്ചിരിക്കുന്നത്. ബീച്ചിൽ കടൽപ്പാലത്തിനോട് ചേർന്ന് വിൽസൺ പൂക്കായി ഒരുക്കിയ കലാവിന്യാസം തകർന്ന കപ്പലിന്റെ പുനരുപയോഗം എന്ന ആശയത്തിൽ തീർത്തതാണ്. കപ്പൽ ഗതാഗതത്തിന്റെ ഗതകാല സ്‌മരണകൾ ഇരമ്പുന്ന ആലപ്പുഴ കടൽപ്പാലത്തെ പൂർണമായി വിൽസൺ ഉപയോഗിച്ചിരിക്കുന്നു. കെഎസ്ആർടിസി ബസ് സ്‌റ്റാൻഡിൽ സ്ഥാപിച്ചിരിക്കുന്ന ആമീൻ ഖലീലിന്റെ ബോണ്ടേജ് സൂചിപ്പിക്കുന്നത് വഴിപിരിഞ്ഞുപോയ തെങ്ങിന്റെയും തെങ്ങിൽനിന്നുള്ള വിവിധ വസ്‌തുക്കളുടെയും പുനരുപയോഗമാണ്. വേരു മുതൽ തെങ്ങിന്റെ പൂക്കുല വരെയുള്ള വസ്‌തുക്കളുടെ പ്രാധാന്യം ഈ ശിൽപ്പവും കാട്ടിത്തരുന്നു. രാജൻ അരയല്ലൂർ ഒരുക്കിയ വിളംബരം എന്ന ശിൽപ്പം കപ്പൽവഴി കച്ചവടത്തിനെത്തിയെ വൈദേശികരെ ഓർമപ്പെടുത്തുന്ന നമ്മുടെ വാണിജ്യ പാരമ്പര്യത്തിന്റെ പകർത്തിവയ്‌ക്കലാണ്.

തെങ്ങിന്റെ ശത്രുവായ തണ്ടുതുരപ്പൻ പുഴുവിന്റെ രൂപം കണ്ടാമൃഗത്തിന്റെ ശരീരവുമായി ബന്ധപ്പെടുത്തി ബാലമുരളീകൃഷ്ണൻ ഒരുക്കിയ ശിൽപ്പമാണ് മറ്റൊന്ന്. സുവർണ നാരായ ചകിരിയുടെ ശക്തി വിളിച്ചോതുന്ന മനോഹരമായ ശിൽപ്പമാണ് ഹോച്ചിമിൻ ബീച്ച് സൈഡിൽ ഒരുക്കിയിരിക്കുന്നത്. വിത്തിന്റെ സംരക്ഷണം ആവശ്യപ്പെടുന്ന ശിൽപ്പമാണ് പി ജി ദിനേശ് ബീച്ച് സൈഡിൽ ഒരുക്കിയിരിക്കുന്നത്. ഉദയകുമാർ പി ജിയുടെ കൈവിരുതിൽ തീർത്ത ഉരുവെന്ന ശിൽപ്പം വ്യാപാരാവശ്യത്തിന് നാട്ടിൽ വന്ന  വൈദേശികരുടെ ഓർമകളുണർത്തും. ലീനരാജ് ഇ എം എസ് സ്‌റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന ഇൻസ്‌റ്റലേഷൻ കയറിന്റെ നാടായ ആലപ്പുഴയുടെ ചരിത്രം ഫോട്ടോകളിലൂടെ വ്യക്തമാക്കിയിരിക്കുന്നു. കയർ കൊണ്ടുള്ള മരങ്ങൾ ഒരു വലിയ ചതുരത്തിനകത്ത് ഒരുക്കിയതാണ് അനിലാഷിന്റെ ഇൻസ്‌റ്റലേഷൻ. അനിൽ ബി കൃഷ്ണ, പ്രമോദ് ഗോപാലകുമാർ, കമാൽ കാഞ്ഞിലാൻ, രാജേഷ് പാട്ടുകുളം, ജെ എൻ അനീഷ്, ഹുസൈൻ എന്നിവരുടെ ഇൻസ്‌റ്റലേഷനുകളും വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്‌.

Leave A Reply

Your email address will not be published.